സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാതെ 5000ഓളം അധ്യാപകര്‍; വീട്ടിലിരുന്നാല്‍ മതിയെന്ന് വിദ്യാഭ്യാസമന്ത്രി

 
V Sivankutty

സംസ്ഥാനത്ത് 5000ഓളം അധ്യാപകര്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മതപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകര്‍ വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്. അധ്യാപകര്‍ വാക്‌സിന്‍ എടുക്കാത്തത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടെന്നും വീട്ടില്‍ ഇരുന്നാല്‍ മതിയെന്നും നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

വാക്സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താന്‍ മാനേജ്മെന്റുകള്‍ നിര്‍ബന്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാ അധ്യാപകരും വാക്സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രയും അധ്യാപകര്‍ അതിന് തയ്യാറായിട്ടില്ല.

സ്‌കൂള്‍ തുറക്കുന്നതിനായി തയ്യാറാക്കിയ മാര്‍ഗരേഖയില്‍ ഇക്കാര്യം കര്‍ശനമായി പറഞ്ഞിരുന്നു. അധ്യാപകര്‍ വാക്സിനെടുക്കാതിരിക്കുന്നത് മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിള്‍ സംവിധാനത്തെയും അത് ബാധിക്കും. ഇവര്‍ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.