സംസ്ഥാനത്തെ 82.6 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് സിറോ സർവെ
സിറോ സര്‍വേ ഫലം പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. 40.2 ശതമാനം കുട്ടികളിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്നും സിറോ സർവെ ഫലം പറയുന്നു. നിയമസഭയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സർക്കാർ വെച്ചത്.
49 വയസ് വരെയുള്ള ഗര്‍ഭിണികളായ സ്ത്രീകളില്‍ 65.4 ശതമാനം പേരില്‍ ആന്റി ബോഡി സാന്നിധ്യമുണ്ട്. ആദിവാസികളില്‍ 78.2 ശതമാനം പേരിലും തീരമേഖലയില്‍ 87.7 ശതമാനം പേര്‍ക്കും പ്രതിരോധ ശേഷി കൈവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വാക്‌സിനേഷനിലൂടെയും കോവിഡ് വന്ന് മാറിയും എത്രപേര്‍ക്ക് രോഗപ്രതിരോധ ശേഷിയുണ്ടായി എന്നതിന്റെ കണക്കാണ് സിറോ സര്‍വേയിലൂടെ പുറത്തുവന്നത്.
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളില്‍ 40 ശതമാനത്തിലേറെ പ്രതിരോധ ശേഷി കൈവരിച്ചത് കുഴപ്പമില്ലാത്ത കണക്കാണെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.