മണപ്പുറം ഫിനാൻസിൽനിന്ന് 20 കോടി തട്ടിയ സംഭവത്തിൽ പ്രതി ധന്യാ മോഹൻ കീഴടങ്ങി

 

മണപ്പുറം ഫിനാൻസിൽനിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ, വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റൻറ് ജനറൽ മാനേജറായിരുന്നു. ഡിജിറ്റൽ പഴ്സനൽ ലോൺ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയത്. 18 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 5 വർഷമായി തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ജൂലൈ 23ന് സ്ഥാപനം ധന്യയ്ക്കെതിരെ പരാതി നൽകി. തൊട്ടു പിന്നാലെ ധന്യയെ കാണാതായി. ഇന്ന് ധന്യയുടെ വീടിൻറെ പൂട്ട് തകർത്ത് അകത്തു കയറി പൊലീസ് പരിശോധന നടത്തിയിരുന്നു. വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നും അഞ്ച് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. ‌‌ഈ പണം ഉപയോഗിച്ച് ഇവർ കുടുംബാംഗങ്ങളുടെയും ബെനാമികളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി എന്നു പൊലീസ് സംശയിക്കുന്നുണ്ട്.