മോന്‍സണെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ബാല; ശബ്ദരേഖ പുറത്ത്
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന് വേണ്ടി നടന്‍ ബാല ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. മോന്‍സണ് എതിരായി മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുന്ന ഓഡിയോ ആണ് പുറത്തായത്. മോന്‍സണെക്കുറിച്ച് മോശമായി സംസാരിക്കരുതെന്നും പരാതി പിന്‍വലിക്കണമെന്നും ബാല ആവശ്യപ്പെടുന്നു.
എന്നാല്‍ പത്തുപന്ത്രണ്ട് വര്‍ഷം മോന്‍സണൊപ്പം ജോലി ചെയ്ത ശേഷം പിരിഞ്ഞപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയാണ് അയാള്‍ ചെയ്തതെന്നും പരാതി പിന്‍വലിക്കില്ലെന്നും അജിത് വ്യക്തമാക്കുന്നുണ്ട്. കേസ് ഒഴിവാക്കാന്‍ താന്‍ ഇടപെടാമെന്നാണ് ബാല നല്‍കുന്ന മറുപടി. തട്ടിപ്പുകാരനായ മോന്‍സന്റെ ഉന്നത ബന്ധങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ബാലയുടെ ശബ്ദരേഖയും പുറത്തായത്.
മോന്‍സന്റെ ഫെയിസ്ബുക്ക് പേജില്‍ ബാലയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, മോഹന്‍ലാല്‍ തുടങ്ങി പല പ്രമുഖര്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും മോന്‍സണ്‍ പോസ്റ്റ് ചെയ്തിരുന്നു.