യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന നടൻ വിനായകൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്

 


 നടൻ  വിനായകന്റെ കലൂരിലെ  ഫ്‌ലാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പരാതി പിൻവലിക്കാൻ തയ്യാറായിരുന്നതായി വിനായകൻ വ്യക്തമാക്കിയിരുന്നു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു. സംഭവത്തിൽ വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിൽ വിനായകന്റെ ഫ്‌ലാറ്റിൽ പൊലീസ് പരിശോധന നടത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഫോൺ പൊലീസ് ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കഴിഞ്ഞ ദിവസം കലൂരിലെ വിനായകന്റെ ഫ്‌ലാറ്റിൽ എത്തിയാണ് എറണാകുളം നോർത്ത് പൊലീസ് ഫോൺ പിടിച്ചെടുത്തത്. ഈ ഫോൺ ഉപയോഗിച്ചാണ് വിനായകൻ ഫേസ്ബുക്ക് ലൈവ് നടത്തിയത്.

പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമർശം നടത്തിയത് എന്നാണ് വിനായകന്റെ മൊഴി. വിനായകന്റെ മൊഴി വിശദമായി പരിശോധിച്ച് ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.