നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തള്ളി 

 

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തളളി. ഇത് ആറാം തവണയാണ് പൾസർ സുനിയുടെ ജാമ്യഹർജി കോടതി തളളുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി തുടരുകയാണ് പൾസർ സുനി. നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി കാറിൽ കയറ്റി ആക്രമിക്കുകയും അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്.

കഴിഞ്ഞ ആറ് വർഷത്തിനിടെ നിരവധി തവണയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷ വിവിധ കോടതികൾ തള്ളിയത്. ഇതിനിടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പൾസർ സുനിക്ക് കോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. 

നടിയെ ആക്രമിച്ച കേസിൽ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഒഴിവാക്കാൻ തീരുമാനമായിരുന്നു. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹൈക്കോടതി മാറ്റിയത്. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കേസിൽ കോടതിയെ സഹായിക്കുന്നതിനായി കഴിഞ്ഞദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.