അഡ്വ.ജയശങ്കര്‍ സിപിഐയിലേക്ക് തിരികെയെത്തുന്നു; അംഗത്വം പുതുക്കേണ്ടെന്ന തീരുമാനം റദ്ദാക്കി പാര്‍ട്ടി

 

അഡ്വ.എ.ജയശങ്കര്‍ സിപിഐയിലേക്ക് തിരിച്ചെത്തുന്നു. അംഗത്വം പുതുക്കേണ്ടതില്ലെന്ന തീരുമാനം സിപിഐ റദ്ദാക്കിയതോടെയാണ് ജയശങ്കര്‍ മടങ്ങിയെത്തുന്നത്. ജയശങ്കര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് അംഗത്വം പുതുക്കേണ്ടതില്ലെന്ന തീരുമാനം റദ്ദാക്കിയത്. പാര്‍ട്ടിയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്ന ജയശങ്കര്‍ എല്‍ഡിഎഫ് ഭരണത്തെയും ഭരണകര്‍ത്താക്കളെയും നിരന്തരം വിമര്‍ശിക്കുന്നത് പാര്‍ട്ടിക്കും മുന്നണി സംവിധാനത്തിനും ദോഷമാണെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ സിപിഐ തീരുമാനിച്ചത്.

മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നടത്തി വന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ 2020 ജൂലൈയിലെ ബ്രാഞ്ച് പൊതുയോഗത്തില്‍ വെച്ച് ജയശങ്കറിനെ ശാസിച്ചിരുന്നെങ്കിലും അനുസരിച്ചില്ലെന്നും പാര്‍ട്ടിയുടെയും പാര്‍ട്ടി ബഹുജന സംഘടനകളുടെയും യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും ക്യാംപെയ്നുകളിലും പങ്കെടുത്തില്ല എന്നും കാട്ടിയാണ് നടപടി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടി ലെവിയായ 1330 രൂപ തിരികെ നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ജയശങ്കര്‍ പാര്‍ട്ടിയില്‍ പരാതി നല്‍കി. പരാതിയില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി. മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്നും അദ്ദേഹത്തിന് വീഴ്ച സംഭവിച്ചില്ലെന്നും കണ്ടെത്തുകയായിരുന്നു. അംഗത്വം പുനഃസ്ഥാപിക്കണമെന്ന് കമ്മീഷന്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിക്കുകയായിരുന്നു.