ആലപ്പുഴ ഇരട്ടക്കൊല; പ്രതികള്‍ സംസ്ഥാനം വിട്ടതായി പോലീസ്

 

ആലപ്പുഴയില്‍ എസ്ഡിപിഐ, ബിജെപി നേതാക്കളെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി പോലീസ്. എഡിജിപി വിജയ് സാഖറേയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തന്നെ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. രണ്ട് കേസുകളിലെയും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും ഒളിവിലാണെന്നും ഇതൊരു ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം ആണെന്നും എഡിജിപി പറഞ്ഞു.

കേസുകളില്‍ 7 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 5 എസ്ഡിപിഐക്കാരും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസുകാരുമാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ആരും പിടിയിലായിട്ടില്ല.

കൃത്യം ആസൂത്രണം ചെയ്തവരും കൊല നടത്തിയവര്‍ക്ക് സഹായം നല്‍കിയവരുമാണ് പിടിയിലായിരിക്കുന്നത്. പ്രതികള്‍ക്കായി പരിശോധന തുടരുകയാണ്. ആലപ്പുഴയില്‍ 250ല്‍ അധികം വീടുകളില്‍ പരിശോധന നടത്തി.