ന്യൂസിലാന്റിനോടും തോറ്റു; ലോകകപ്പിലെ ഇന്ത്യൻ സെമി സാധ്യത മങ്ങി

ന്യൂസിലാന്റിനോട് തോറ്റത് 8 വിക്കറ്റിന്. നമീബിയക്ക് എതിരെ അഫ്‌ഗാന് വൻ വിജയം.
 

ടി20 ലോകകപ്പിലെ തുടർച്ചയായ രണ്ടാം കളിയിലും തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യത ഏറെക്കുറെ അസ്തമിച്ചു. ന്യൂസിലാൻഡ് 8 വിക്കറ്റിന് ഇന്ത്യയെ തകർത്തതോടെയാണ് ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റത്. 110 റൺസ് എന്ന  ലക്ഷ്യം കീവിസ് 15ആം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഒരു ഘട്ടത്തിലും മികവ് കാണിക്കാൻ ആയില്ല. ഇഷാൻ കിഷൻ(4)- കെ.എൽ രാഹുൽ(18) സഖ്യം ആണ് ഓപ്പൺ ചെയ്ത്. രോഹിത് മൂന്നാം നമ്പറിൽ ഇറങ്ങി. സൗത്തിയുടെയും ബോൾട്ടിന്റെയും മുന്നിൽ ഓപ്പണർമാർ വീണു. പിന്നെ വന്ന രോഹിത്(14), കോഹ്‌ലി(9) എന്നിവരെ ഇഷ് സോധി മടക്കി. 26 റൺസ് എടുത്ത ജഡേജ, 23 റൺസ് എടുത്ത ഹർദിക് പാണ്ഡ്യ എന്നിവർ സ്കോർ 100 കടത്തി. ബോൾട്ട് 3 വിക്കറ്റും  സോധി 2 വിക്കറ്റും വീഴ്ത്തി. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ആണ് ഇന്ത്യ 110 എന്ന സ്കോർ നേടിയത്.

ചേസിംഗ് തുടങ്ങിയ കീവികൾക്ക് വേണ്ടി ഡാരിൽ മിച്ചൽ ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. ഗപ്റ്റിൽ 20 റൺസ് നേടി ബുംമ്രക്ക് മുന്നിൽ വീണു എങ്കിലും പിന്നീട് എത്തിയ നായകന്‍ വില്യംസൺ, മിച്ചലിന് കൂട്ട് നൽകി. 35 പന്തിൽ 49 റൺസ് നേടി മിച്ചൽ പുറത്തായി. വില്യംസൺ 33 റൺസ് നേടി പുറത്താകാതെ നിന്നു. 

ഇന്നലെ നടന്ന ആദ്യ കളിയിൽ അഫ്‌ഗാൻ നമീബിയയെ 62 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാൻ 20 ഓവറിൽ 5 വിക്കറ്റിന് 160 റൺസ് നേടി. സസായി(33), ഷഹസാദ്(45) അവസാന ടി20 കളിച്ച മുൻ നായകൻ അസ്ഗർ അഫ്‌ഗാൻ (31), നായകൻ നബി (32) എന്നിവരുടെ ബാറ്റിങ് ആണ് ടീമിന് വൻ സ്കോർ നൽകിയത്. 

ഹമീദ് ഹസ്സൻ, നവീൻ ഉൾ ഹഖ്, ഗുലബ്ദീൻ നൈബ്‌ എന്നിവരെ ബൗളിംഗ് മികവിൽ അഫ്‌ഗാൻ നമീബിയയെ 98ൽ ഒതുക്കി. ഹമീദ്, നവീൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.  അഫ്‌ഗാന്റെ 2ആം ജയം ആണ് ഇത്.