എറണാകുളത്തു നിന്ന് ഹൃദയവുമായി ആംബുലന്‍സ് കോഴിക്കോട്ടേക്ക്; വഴിയൊരുക്കണമെന്ന് ആരോഗ്യമന്ത്രി

 
എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് ഹൃദയവുമായി ആംബുലന്‍സ് പുറപ്പെടുന്നു

എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് ഹൃദയവുമായി ആംബുലന്‍സ് പുറപ്പെടുന്നു. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കേണ്ടത്. എത്രയും വേഗം ഹൃദയം എത്തിച്ച് ചികിത്സയിലുള്ള രോഗിയില്‍ വെച്ചുപിടിപ്പിക്കണം. ഇതിനായി വാഹനത്തിന് യാത്രാസൗകര്യം ഒരുക്കണമെന്ന് ആരോഗ്യമന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു. ഗഘ11അഡ7346 നമ്പറിലുള്ള ആംബുലന്‍സാണ് ഹൃദയവുമായി പോകുന്നത്.

രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം     സംഭവിച്ച കോട്ടയം കളത്തിപ്പടി, ചിറത്തിലത്ത് ഏദന്‍സില്‍ നേവിസിന്റെ (25) ഹൃദയമാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കുന്നുണ്ടെന്നും വീണ ജോര്‍ജ് അറിയിച്ചു. എങ്കിലും എല്ലാവരും വഴിയൊരുക്കി ഈ വാഹനത്തെ കടത്തി വിടേണ്ടതാണ്.

ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്നമായിരുന്നു.

ആരോഗ്യനിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.