മേയറുമായുള്ള വാക്കുതർക്കം; കെഎസ്ആ‍ർടിസി ഡ്രൈവർക്കെതിരെ നടപടി

 

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. ഡിടിഒയ്ക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദേശിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ്കുമാർ അറിയിച്ചിരുന്നു. 

മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡിലെ വാക്കേറ്റത്തിൽ കലാശിച്ചത്. പാളയത്ത്  ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിനു കുറുകെ നിർത്തി. സൈഡ് നൽകാത്തതിനെ മേയർ അടക്കമുള്ളവർ ചോദ്യം ചെയ്തു.  ഇത് വലിയ തർക്കമായി. മേയറിനൊപ്പം ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ഉണ്ടായിരുന്നു. 

ഡ്രൈവർ മോശമായി പെരുമാറിയെന്ന് കാണിച്ച് മേയർ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.