ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകീട്ട്

 

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെൻററിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൂന്ന് മണിക്കും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് ശാന്തികവാടത്തിലാണ് സംസ്കാരം. അതിന് ശേഷം മേട്ടുക്കടയിൽ അനുശോചന യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും അനുശോചന യോഗത്തിൽ പങ്കെടുക്കും. 

ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. രോഗ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. ആശുപത്രിയിലെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ആനത്തലവട്ടം ആനന്ദന് അന്തിമോപാചരം അർപ്പിച്ചു.