പത്തനംതിട്ടയിൽ അനിൽ തോൽക്കണം; ആന്റോ ആന്റണി ജയിക്കണമെന്ന് എ കെ ആന്റണി

 

അനിൽ ആന്റണി പത്തനംതിട്ടയിൽ തോൽക്കണമെന്ന് എ കെ ആന്റണി.  കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് ആന്റണി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മക്കളെ പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. താൻ ആ ഭാഷ ശീലിച്ചിട്ടില്ല. കെഎസ്‌യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. പത്തനംതിട്ടയിൽ മകൻ അനിൽ ആന്റണി ജയിക്കണ്ടേ എന്ന ചോദ്യത്തിന്, അനിൽ തോൽക്കണമെന്നും അവിടെ ആന്റോ ആന്റണി ജയിക്കണമെന്നുമായിരുന്നു മറുപടി. തന്റെ മതം കോൺഗ്രസ് ആണെന്നും ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകുമെന്നും ആന്റണിയുടെയും കരുണാകരന്റെയും മക്കൾ ബിജെപിയിലേക്ക് പോയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

കേരളത്തിൽ ബിജെപിയുടെ സുവർണ കാലം കഴിഞ്ഞെന്നും ആന്റണി പറഞ്ഞു. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കുമെന്ന് പറഞ്ഞ ആന്റണി, പ്രചാരണത്തിന് പോകാത്തത് ആരോഗ്യകാരണങ്ങളാൽ ആണെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് എ.കെ.ആന്റണി പറഞ്ഞു. ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ജനാധിപത്യത്തിന്റെ അന്ത്യത്തിനു തുടക്കമാകും. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിപ്പിക്കണമെന്നും അതാണ് തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും എ.കെ.ആന്റണി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ കഴിയണം. ഭരണഘടന സംരക്ഷിക്കേണ്ട, ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ഇന്ത്യയെന്ന ആശയം വലിയ വെല്ലുവിളി നേരിടുന്നു. 10 വർഷമായി നരേന്ദ്രമോദി സർക്കാർ ആ ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ആർഎസ്എസിന്റെ പിൻസീറ്റ് ഭരണം അവസാനിപ്പിക്കലാകണം തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണം. കേരളത്തിൽ പിണറായിയുടെ ജനദ്രോഹ നടപടികൾക്കെതിരായി 20 സീറ്റും യുഡിഎഫിനു നൽകണമെന്നും എ.കെ.ആന്റണി പറഞ്ഞു.