മിനിമം ഗ്യാരന്റി വേണമെന്ന് ആന്റണി പെരുമ്പാവൂര്‍; മരയ്ക്കാര്‍ തീയേറ്ററില്‍ എത്തുന്നത് ഉപാധികളോടെ

 

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളില്‍ എത്തുന്നത് ഉപാധികളോടെ. തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം. റിലീസ് പ്രഖ്യാപിച്ചപ്പോള്‍ ഉപാധികളൊന്നും ഇല്ലാതെയായിരിക്കും ചിത്രം തീയേറ്ററുകളില്‍ എത്തുകയെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മിനിമം ഗ്യാരന്റി വേണമെന്ന ഉപാധി ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 2 മുതല്‍ നാലു ഷോയും മരയ്ക്കാര്‍ പ്രദര്‍ശിപ്പിക്കണമെന്നതാണ് ആദ്യ ഉപാധി. ആദ്യവാരം സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തില്‍ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാള്‍ പ്രദര്‍ശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നല്‍കണമെന്നും തീയേറ്റര്‍ ഉടമകളോട് നിര്‍മാതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കുന്നത്. ഉപാധികള്‍ മുന്നോട്ടു വെച്ചാല്‍ തങ്ങളുടെ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. ചെന്നൈയില്‍ ചിത്രത്തിന്റെ പ്രിവ്യൂ നടന്നതിന് ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ തീയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ എത്തിയത്. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയുടെ നിര്‍ബന്ധവും ഇതിന് പിന്നിലുണ്ടെന്ന് സഹനിര്‍മാതാവായ റോയി.സി.ജെ. വെളിപ്പെടുത്തിയിരുന്നു.