അനുപമയും അജിത്തും ഔദ്യോഗികമായി വിവാഹിതരായി

 

അനുപമയും അജിത്തും ഔദ്യോഗികമായി വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു. കുറേനാളായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുകയാണ്. നിയമപരമായി വിവാഹം കഴിക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നുവെന്നും അതിനായി ഒരു മാസം മുന്‍പു തന്നെ അപേക്ഷ നല്‍കിയിരുന്നതായും അനുപമ പറഞ്ഞു. അപ്പോള്‍ വിവാഹത്തിന് പറ്റിയ സാഹചര്യമായിരുന്നില്ല.

ഇപ്പോള്‍ കുഞ്ഞിനെ തിരിച്ചു കിട്ടി.കുഞ്ഞും കൂടി വിവാഹത്തിന് ദൃക്‌സാക്ഷിയായി. വിവാഹം നിയമപരമാകുമ്പോള്‍ അതില്‍ ഒരു സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. ഞങ്ങള്‍ വിവാഹം കഴിക്കുമോ അതോ പിരിയുമോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനൊക്കെ ഒരു പരിഹാരമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.

പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ല ജീവിതം പോയത്. നന്നായി ജീവിച്ചുകാണിച്ചുകൊടുക്കണമെന്നുണ്ട്. മറ്റൊന്നുമില്ല, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തങ്ങളുടെ കൂടെയുണ്ടെന്നും അനുപമ വ്യക്തമാക്കി. നവംബറിലാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്. ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് ദത്ത് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതിന് തൊട്ടുമുന്‍പാണ് അനുപമയുടെ പോരാട്ടം വിജയിച്ചത്.