അനുപമയുടെ കുഞ്ഞിനെ 5 ദിവസത്തിനകം കേരളത്തില്‍ എത്തിക്കാന്‍ ഉത്തരവ്; ഡിഎന്‍എ പരിശോധന നടത്തും

 

അനുപമയുടെ കുഞ്ഞിനെ 5 ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ശിശുക്ഷേമ സമിതിയാണ് ഉത്തരവിട്ടത്. നിലവില്‍ ആന്ധ്രയിലുള്ള കുഞ്ഞിനെ പോലീസ് സംരക്ഷണയില്‍ കേരളത്തില്‍ എത്തിക്കണം. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ജുവനൈല്‍ പോലീസ് യൂണിറ്റിനാണ് ഇതിന്റെ ചുമതല. സംസ്ഥാനത്ത് എത്തിച്ച ശേഷം ഡിഎന്‍എ പരിശോധന നടത്താനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ദത്തെടുത്ത ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കൊപ്പമാണ് ഇപ്പോള്‍ കുഞ്ഞ് കഴിയുന്നത്. സംസ്ഥാന ശിശുക്ഷേമ കൗണ്‍ലിന് മുന്നില്‍ അനുപമ സമരം തുടരുന്നതിനിടെയാണ് സിഡബ്ല്യുസി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ എന്‍.സുനന്ദ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമയുടെ സമരം.

ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സിഡബ്ല്യുസി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്തിച്ചാല്‍ കേസില്‍ തീര്‍പ്പാകുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണച്ചുമതല മറ്റൊരാളെ ഏല്‍പ്പിക്കും. ഡിഎന്‍എ പരിശോധനയിലൂടെ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതു വരെ ഈ വ്യക്തിക്കായിരിക്കും കുഞ്ഞിന്റെ സംരക്ഷണച്ചുമതല.

കുഞ്ഞിന്റെ സംരക്ഷണം ഏല്‍പ്പിക്കാന്‍ ഉചിമായ വ്യക്തിയെ കണ്ടെത്താനുള്ള ചുമതല പോലീസ് കമ്മീഷണര്‍ക്കാണ്. ദത്ത് കേസില്‍ ശിശുക്ഷേമ സമിതിയുടെ അന്തിമ ഉത്തരവ് നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും. ദത്ത് കേസ് ശനിയാഴ്ച വഞ്ചിയൂര്‍ കുടുംബകോടതി പരിഗണിക്കും.