അർജുനെ കണ്ടെത്താൻ ഇന്നും കഴിഞ്ഞില്ല; ശനിയാഴ്ചത്തെ തെരച്ചിൽ അവ‌സാനിപ്പിച്ചു 

 

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

നിലവിൽ ഷിരൂരിൽ കോരിച്ചൊരിയുന്ന മഴയാണ്. നേരത്തെ, പത്ത് മണിവരെ രക്ഷാപ്രവർത്തനം തുടരുമെന്നായിരുന്നു അറിയിച്ചത്. ഞായറാഴ്ച പുലർച്ചെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചേക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ തിരച്ചിൽ നടത്തുന്ന ഭാഗത്ത് അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടാവാൻ 70% സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. അതിനനുസരിച്ച് രക്ഷാപ്രവർത്തനത്തിന്റെ രീതി മാറ്റിയിട്ടുണ്ട്. ഈ ഭാഗത്ത് റഡാറിൽ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.