നിയമസഭാ തെരഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഛത്തീസ്ഗഢിൽ ആദ്യ പട്ടികയിൽ 30 സ്ഥാനാർത്ഥികളാണുളളത്. പഠാനിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് സ്ഥാനാർത്ഥി. ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ അംബികാപൂരിൽ മത്സരിക്കും.
തെലങ്കാന പിസിസി പ്രസിഡൻറ് രേവന്ത് റെഡ്ഡി കോടങ്കലിൽ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയിൽ നടനായ വിക്രം മസ്താലിനെ ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഉത്തം കുമാർ റെഡ്ഡി എം.പി തെലങ്കാനയിലെ ഹുസൂർനഗർ മണ്ഡലത്തിൽനിന്നും മത്സരിക്കും.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ചിന്ദ്വാരയിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് നേതാവ് താരധ്വജ് സാഹു ദുർഗ് (റൂറൽ) മണ്ഡലത്തിലും രവീന്ദ്ര ചൗബെ നവഗഢിലും യശോദ വർമ ഖൈരാഗഡിലും മത്സരിക്കും. രാജസ്ഥാനിലെ ഉൾപ്പെടെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഇതുവരെ പുറത്തുവിട്ടിനില്ല.
119 സീറ്റിലേക്കാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ 10 ആണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി നവംബർ 15ഉം തെലങ്കാനയിലെ വോട്ടെടുപ്പ് നവംബർ 30നുമാണ്.
മധ്യപ്രദേശിൽ 230 ഉം ചത്തീസ്ഗഢിൽ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. മധ്യപ്രദേശിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ രണ്ട് ആണ്. നവംബർ 17 ന് ആണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്. ചത്തീസ്ഗഢിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നവംബർ ഏഴിനും രണ്ടാംഘട്ടം നവംബർ 17 നും നടക്കും.