ലെ ഹയാത്തിൽ നിന്ന് ഗ്രിൽഡ് ചിക്കൻ കഴിച്ചു; കാസർഗോഡ് സ്വദേശിക്കും ഭക്ഷ്യവിഷബാധ

 


കൊച്ചിയിൽ ഷവർമ കഴിച്ച് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലായ ലെ ഹയാത്തിൽ നിന്ന് ഭക്ഷണം കഴിച്ച കാസർഗോഡ് സ്വദേശിക്കും ഭക്ഷ്യവിഷബാധ. കാസർഗോഡ് സ്വദേശി നിതാന്ത്‌ ടോമിക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ മാസം 18 നാണ് നിതാന്ത്‌ ഹയാത്ത് ഹോട്ടലിൽ നിന്ന് ഓൺലൈനായി ഗ്രിൽഡ് ചിക്കൻ വാങ്ങി കഴിച്ചത്. എറണാകുളത്ത് ഐ ടി ജീവനക്കാരനാണ് നിതാന്ത്‌. 

ഇതേ ഹോട്ടലിൽ നിന്ന് അൽഫാം, ഷവർമ കഴിച്ച ആറുപേർക്ക് കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു . ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ഷവർമ, അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു.

കാക്കനാട്ട് ലെ ഹയാത്ത് ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വാങ്ങിയ ഷവർമ കഴിച്ചാണ് കോട്ടയം സ്വദേശി രാഹുൽ മരിച്ചത്. രാഹുലിന്റെ  രക്തത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ ബന്ധുക്കളുടെ പരാതിയിൽ ഹോട്ടലുടമയ്‌ക്കെതിരെ കേസെടുക്കുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. ഹോട്ടലുടമകൾ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയിരിക്കുകയാണ്.