ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനുനേരെ ആക്രമണം
ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റു 13 ഇന്ത്യൻ ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് ഉടനടി അയവുവരുത്തണമെന്നും നയതന്ത്ര ചർച്ചകളിലൂടെ ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് ഒമാനിലെ ലിമയ്ക്ക് സമീപം 14 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന 'എം.എസ്.വി. അൽ യൂസഫി' എന്ന ചരക്കുകപ്പലിനുനേരെ ഉറവിടം തിരിച്ചറിയാത്ത വ്യോമാക്രമണമുണ്ടാകുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുജറാത്ത് സ്വദേശിയായ ഗാന്ധാർ നഹീം അസീസ് എന്ന നാവികനാണ് മരിച്ചത്. തുടർന്ന് കപ്പലിലുണ്ടായിരുന്ന മറ്റു 13 ജീവനക്കാരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി പുറത്തെത്തിച്ചു.