അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും അനാസ്ഥ; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി 

 

അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വീണ്ടും പ്രോസിക്യൂഷന്‍ അനാസ്ഥ. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ്ഗ കോടതി ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് വേണ്ടി ആരും ഹാജരായില്ല. ഇതേത്തുടര്‍ന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചു. കേസ് ഫെബ്രുവരി 26ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു. 

കഴിഞ്ഞ നവംബര്‍ 15ന് കേസ് പരിഗണിച്ചപ്പോളും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ജനുവരി 25ലേക്ക് കേസ് മാറ്റുകയായിരുന്നു. ഓരോ മധു കേസിലെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ നിന്ന് ഒഴിയാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി.രഘുനാഥ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന് കത്ത് നല്‍കിയിരുന്നു. ഇക്കാരണത്താലാണ് ഇന്നും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതെന്നാണ് സൂചന. 

2018 ഫെബ്രുവരി 22നാണ് മധുവിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് 2019 ഓഗസ്റ്റിലാണ് വി.ടി.രഘുനാഥിനെ നിയമിച്ചത്. നിയമനം നടത്തിയെങ്കിലും അഭിഭാഷകന്‍ ഒരു തവണ പോലും നേരിട്ട് ഹാജരായില്ല. ജൂനിയര്‍ അഭിഭാഷകരെ മാത്രമാണ് അയച്ചത്.