ടൈഗർ ഷ്റോഫ് വധശ്രമം; മൂന്ന് പേർ പിടിയിൽ
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനു നേരെ വെടിയുതിർത്ത സംഭവത്തിൽ രാജസ്ഥാനിലെ കോട്ടയിൽനിന്ന് അക്രമികളായ മൂന്ന് പേരെ പിടികൂടി. മുംബൈയിലെ ജുഹുവിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വെടിവെപ്പിനുശേഷം രക്ഷപ്പെട്ട പ്രതികളെ തിങ്കളാഴ്ച കോട്ട റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകീട്ട് ഏഴോടെ ജുഹുവിലെ പുഷ്പ പാർക്കിനു സമീപം ഫുട്ബാൾ കളിച്ചശേഷം മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിന്റെ കാറിനു നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. താരത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കും വെടിയേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൈഗർ ഷ്റോഫ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
രാജസ്ഥാൻ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സും കോട്ട സിറ്റി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തിങ്കളാഴ്ച പ്രതികളെ പിടികൂടിയത്. പൂനെ–ജയ്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് മുംബൈ പൊലീസിൽനിന്ന് ലഭിച്ച വിവരം. സംഭവത്തിൽ രണ്ടുപേർ വെടിയുതിർത്തവരാണെന്നും മൂന്നാമൻ ബൈക്ക് ടാക്സി ഡ്രൈവറാണെന്നും കോട്ട പൊലീസ് സ്ഥിതീകരിച്ചു. കസ്റ്റഡിയിലെടുത്തവരിൽ ഒരാൾക്ക് 17 വയസ്സാണ്. സംഭവത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ മുംബൈ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റ് തെളിവുകൾ ശേഖരിച്ചുമായിരുന്നു അന്വേഷണം. പ്രതികളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘങ്ങളെയും നിയോഗിച്ചിരുന്നു.