ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധം, ഓസ്‌ട്രേലിയയിൽ നൂറുകണക്കിന് പേർ അറസ്റ്റിൽ

 

ഓസ്‌ട്രേലിയൻ നഗരങ്ങളായ മെൽബണിലും സിഡ്‌നിയിലും ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയ നൂറുകണക്കിന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിൽ നിരവധി പോലീസുകാർക്കും പരിക്ക് പറ്റി. അതേസമയം പ്രതിദിന കോവിഡ് കേസുകൾ വലിയ രീതിയിൽ കുതിച്ചുയരുന്നുണ്ട്. 

ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നു വരികയാണ്. 894 പുതിയ കേസുകൾ ആണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സിഡ്‌നിയിൽ നിന്നാണ് കൂടുതൽ കേസുകൾ. 

ആയിരക്കണക്കിന് ആളുകൾ മാസ്‌ക് ഉപേക്ഷിച്ചു പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. ഇവർ പോലീസുമായി ഏറ്റുമുട്ടി. മെൽബണിൽ സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിസിറ്റിൽ ആയിരുന്നു സമരം. കുരുമുളക് സ്‌പ്രേ ഉൾപ്പടെ പോലീസ് സമരക്കാർക്ക് നേർക്ക് പ്രയോഗിച്ചു. 

ഡെൽറ്റ വകഭേദം ആണ് വ്യാപിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. ഇത് ഓസ്‌ട്രേലിയ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമാണ് ഡെൽറ്റ എന്ന് ന്യൂ സൗത്ത് വെയിൽസിന്റെ പ്രീമിയർ പറഞ്ഞു. ശക്തമായ ലോക്ക്ഡൗണും മറ്റു സുരക്ഷ മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും ഡെൽറ്റ തീവ്രമായി വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു.