ശബരിമല തീർത്ഥാടകർക്കായി അയ്യൻ ആപ്പ്; മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു

 

ശബരിമല തീർത്ഥാടകർക്കായുള്ള  അയ്യൻ മൊബൈൽ ആപ്പ് വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സഹായകമാകുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ആപ്പാണ് ഇത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല – സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.

പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്. അയ്യപ്പൻമാർ പാലിക്കേണ്ട ആചാര മര്യാദകളും പൊതുനിർദ്ദേശങ്ങളും ആപ്പിലുൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാനായി അടിയന്തിര സഹായ നമ്പറുകളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നേരിട്ട് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അതുമല്ലെങ്കിൽ കാനന പാതയുടെ കവാടങ്ങളിലുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തും ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ഭക്തർ തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കും.