ഗുജറാത്തില്‍ പാകിസ്ഥാനി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച റെസ്റ്റോറന്റിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം; ഫ്‌ളക്‌സ് കത്തിച്ചു

 

ഗുജറാത്തിലെ സൂറത്തില്‍ പാകിസ്ഥാനി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച റെസ്റ്റോറന്റിന് നേരെ സംഘപരിവാര്‍ ആക്രമണം. ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന റെസ്റ്റോറന്റ് ശൃംഖല സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിനെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. റെസ്റ്റോറന്റില്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഫുഡ് ഫെസ്റ്റിവലിന് വേണ്ടി തയ്യാറാക്കിയ ഫ്‌ളക്‌സ് ബാനര്‍ കത്തിച്ചു.

ജയ് ശ്രീറാം, ഹര്‍ ഹര്‍ മഹാദേവ് വിളികളുമായാണ് അക്രമികള്‍ എത്തിയത്. ഇത്തരം ഫെസ്റ്റിവലുകള്‍ അനുവദിക്കാനാവില്ലെന്നും റെസ്റ്റോറന്റ് ഉടമകള്‍ വിഷയത്തില്‍ ക്ഷമാപണം നടത്തണമെന്നും ബജ്‌റംഗ്ദള്‍ സൗത്ത് ഗുജറാത്ത് പ്രസിഡന്റ് ദേവിപ്രസാദ് ദുബെ പറഞ്ഞു. റെസ്റ്റോറന്റ് ഉടമ സന്ദീപ് ദാവര്‍ ബജ്‌റംഗ്ദള്‍ നേതാക്കളെ ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞുവെന്നാണ് വിവരം. ഇതിന് പിന്നാലെ റെസ്റ്റോറന്റ് സീഫുഡ് ഫെസ്റ്റിവല്‍ ആരംഭിക്കുകയും ചെയ്തു.

സൂറത്ത് സിറ്റി മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അസ്ലം സൈക്കിള്‍വാലയുടെ ഫെയിസ്ബുക്ക് വീഡിയോയാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഫെസ്റ്റിവലിനെക്കുറിച്ചുള്ള വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാകുകയും നിരവധി വിദ്വേഷ കമന്റുകള്‍ ഇതിന് ലഭിക്കുകയും ചെയ്തു. ഉച്ചയോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെസ്റ്റോറന്റിലെത്തി ആക്രമണം നടത്തുകയായിരുന്നു.

ഫ്‌ളക്‌സ് ബാനര്‍ റോഡിലിട്ട് കത്തിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റെസ്റ്റോറന്റ് ഉടമയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. റെസ്റ്റോറന്റില്‍ പാകിസ്ഥാനി ഭക്ഷണം വിളമ്പിയാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക് ഉടമയായിരിക്കും ഉത്തരവാദിയെന്നായിരുന്നു ഭീഷണി. അതേസമയം ഇത്തരമൊരു ഫുഡ് ഫെസ്റ്റിവല്‍ നടത്താന്‍ എങ്ങനെ കഴിയുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ സൈക്കിള്‍വാല ചോദിച്ചത്. പോലീസ് നടപടിയെടുക്കുകയും റെസ്റ്റോറന്റിന്റെ ലൈസന്‍സ് റദ്ദാക്കുകയും വേണം.

റെസ്‌റ്റോറന്റ് ഉടമ സൂറത്തിലെ ബിജെപി നേതാക്കളുടെ അടുത്തയാളാണ്. അതിനാല്‍ ഇയാള്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല. മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും റെസ്റ്റോറന്റില്‍ ഇത്തരമൊരു ഫെസ്റ്റിവല്‍ നടത്തിയിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നും സൈക്കിള്‍വാല ചോദിച്ചു.