ബാർ കോഴ വിവാദം; തിരുവഞ്ചൂരിന്റെ മകന് ക്രൈം ബ്രാഞ്ച് നോട്ടീസ്

 

രണ്ടാം ബാർകോഴ വിവാദത്തിൽ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വിവാദ ശബ്ദരേഖ വന്ന ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വെള്ളിയാഴ്ച ജവഹർനഗറിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാൻ അർജുൻ കൂട്ടാക്കിയില്ല. നേരിട്ട് കൈപ്പറ്റാത്തതിനാൽ ഇ- മെയിൽ വഴിയാണ് നോട്ടീസ് അയച്ചത്. അർജുൻ നിലവിൽ ഗ്രൂപ്പ് അഡ്മിൻ അല്ല. എന്നാൽ ഇപ്പോഴും അംഗമാണ്.

വിവിധ ബാർ ഉടമകളുടെ മൊഴിയെടുത്തപ്പോഴും വാട്‌സാപ്പ് പരിശോധിച്ചപ്പോഴുമാണ് അർജുൻ ഗ്രൂപ്പംഗമാണെന്ന് മനസിലായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. അർജുൻ രാധാകൃഷ്ണന്റെ ഭാര്യാപിതാവിന് ബാറുണ്ട്. ഇതിന്റെ പേരിലാണ് അർജുൻ ഗ്രൂപ്പംഗവും അഡ്മിനുമായത്.

തന്റെ പേരിൽ ബാറുകളില്ലെന്നും നടത്തിപ്പില്ലെന്നും പറഞ്ഞാണ് അർജുൻ നോട്ടീസ് കൈപ്പറ്റാൻ വിസ്സമതിച്ചത്. എന്നാൽ, വാട്‌സാപ്പ് ഗ്രൂപ്പിൽ അർജുൻ തുടരുന്നതിനാലാണ് നോട്ടീസ് നൽകിയത്. ശബ്ദരേഖ ചോർന്നതിൽ ഗൂഢാലോചനയുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.