കേസ് ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിനാല്‍; ഒരുപാട് പറയാനുണ്ടെന്ന് ബിനീഷ് കോടിയേരി

 

തനിക്കെതിരെ കേസുണ്ടായത് ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിനാലെന്ന് ബിനീഷ് കോടിയേരി. ജാമ്യം ലഭിച്ച് തിരുവനന്തപുരത്ത് എത്തിയ ബിനീഷ് മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് ഒരുപാട് പറയാനുണ്ടെന്നും നേരില്‍ പറയാമെന്നും ബിനീഷ് പറഞ്ഞു. സത്യത്തെ കള്ളമാക്കാന്‍ പറ്റും. പക്ഷേ കാലം എന്നൊന്ന് ഉണ്ടല്ലോ. അത് സത്യത്തോട് ചേര്‍ന്ന് നില്‍ക്കും. നീതി പുലര്‍ത്തുകയും ചെയ്യുമെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത്. കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവര്‍ പറയുന്നതുപോലെ പറയാന്‍ തയ്യാറാകാത്തതാണ് തന്നെ കേസില്‍ പെടുത്താന്‍ കാരണം. അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ അതുപോലെ പറഞ്ഞിരുന്നെങ്കില്‍ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.

ഇന്നലെയാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബിനീഷ് പുറത്തിറങ്ങിയത്. രാത്രി 8 മണിയോടെ ജയില്‍ മോചിതനായ ബിനീഷിനെ സ്വീകരിക്കാന്‍ സഹോദരന്‍ ബിനോയ് കോടിയേരി, സുഹൃത്തുക്കള്‍ എന്നിവര്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പിതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.