ഭാസുരാംഗനെ മിൽമയിൽ നിന്നും പുറത്താക്കും; മന്ത്രി ജെ ചിഞ്ചുറാണി
Nov 9, 2023, 11:56 IST
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ കുറ്റാരോപിതനായ ഭാസുരാംഗനെ മിൽമയിൽ നിന്ന് പുറത്താക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇത് സംബന്ധിച്ച് ക്ഷീര സംഘം രജിസ്ട്രാർക്ക് മന്ത്രി നിർദേശം നൽകി. മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് ഭാസുരാംഗൻ.
വിഷയം ഏറെ ഗൗരവമുള്ളതാണെന്ന് ചൂണ്ടികാട്ടി ഭാസുരാംഗനെ സിപിഐ യിൽ നിന്ന് പുറത്താക്കിയിരുന്നു. 15 വർഷമായി സിപിഐ അംഗമാണ് ഭാസുരാംഗൻ. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. എൻ ഭാസുരാംഗനാണ് കഴിഞ്ഞ 30 വർഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്.