ബിജു മേനോന്‍ 15 ലക്ഷം നല്‍കണം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
നടന്‍ ബിജു മേനോനെതിരായ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ബിജു മേനോന്‍ അനൂപ് കണ്ണന് 15 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അറിയിപ്പ്. ഈ തുക ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് തീരുമാനം. അതേസമയം നഷ്ടം നികത്താന്‍ ബിജു മേനോന്‍ തയാറായില്ലെങ്കില്‍ ഭാവിയില്‍ സിനിമയുമായി സഹകരിക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് ബിജു മേനോന് നല്‍കിയെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചത്.
ബിജു മേനോന്‍ നായകനായ നടന്ന സംഭവം എന്ന സിനിമയുടെ നിര്‍മാതാവാണ് അനൂപ് കണ്ണന്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി 10 ദിവസം നല്‍കാമെന്ന കരാറില്‍ ബിജു മേനോന്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്. ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന്‍ നിര്‍മാതാക്കളുടെ സംഘടനക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
ബിജു മേനോനെതിരെ ആരോപണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ എത്തിയിരുന്നു. ‘ഞാന്‍ പറയുന്നത് ഞങ്ങളോട് വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം അവിടെ കാണിക്കൂവെന്നാണ്. സിനിമ പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളില്‍ ആ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോള്‍ വന്ന സിനിമയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കറക്ട് ചെയ്യണം’ എന്നാണ് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞത്.
എന്നാൽ ബിജു മേനോന് പിന്തുണയുമായി അനൂപ് മേനോൻ എത്തിയിരുന്നു. 'ആ സമയത്ത് നടൻ ജമ്മു കശ്മീരിൽ പത്ത് ദിവസം ഒരു സിനിമയുടെ ഷൂട്ടിങ് നടത്തുകയാണെങ്കിലോ? ആ സമയത്ത് ആ നടൻ അവിടെയല്ലേ ഉണ്ടാകേണ്ടത്?' എന്ന് അനൂപ് ചോദിച്ചു. നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന അതേ സമയത്ത് സിനിമകൾ റിലീസ് ചെയ്തേക്കില്ലെന്നും അനൂപ് ചൂണ്ടിക്കാട്ടി. അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും തമ്മിലുള്ള സ്നേഹത്തിലും വിശ്വാസത്തിലുമാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. നിർമാതാക്കളും കലാകാരന്മാരും തമ്മിൽ ഇത്രയും സഹവർത്തിത്വപരമായ ബന്ധം ഉണ്ടാകുമ്പോൾ, എല്ലാ കലാകാരന്മാരും പ്രമോഷനുകൾക്കായി വരുമെന്നും അനൂപ് മേനോൻ പറഞ്ഞു.