കാബൂൾ വിമാനത്താവളത്തിന് പുറത്ത് ചാവേർ ആക്രമണം, കുട്ടികളടക്കം പതിമൂന്ന് മരണമെന്ന് റിപ്പോർട്ട് 

 

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനവും വെടിവെപ്പും. യു.എസ്. സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്‌. ചാവേർ ആക്രമണമെന്നാണ് സൂചന. വിമാനത്താവളത്തിനുള്ളിൽ യു.എസിന്റെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കുട്ടികൾ ഉൾപ്പെടെ പതിമൂന്ന് പേർ മരിച്ചെന്ന് താലിബാൻ അറിയിച്ചു. 

 
അമേരിക്കൻ, ബ്രിട്ടീഷ് സൈന്യം കാവലിലുള്ള ആബി ​ഗേറ്റിന് സമീപമാണ് ബോംബ് സ്ഫോടനം. പിന്നാലെ വെടിയൊച്ചയും കേട്ടതായി റിപ്പോർട്ടുകളുണ്ട്.  നിരവധി അമേരിക്കൻ സൈനികർക്കും പൗരൻമാർക്കും അപകടം പറ്റിയിട്ടുണ്ടെന്നാണ് പെന്റ​ഗൺ പറയുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര യോ​ഗം ലണ്ടനിൽ വിളിച്ചു ചേർത്ത് സ്ഥിതി​ഗതികൾ വിലയിരുത്തുന്നുണ്ട്. 
ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടുതൽ റിപ്പോർട്ടുകൾ വരുന്നതേയുള്ളൂ