വിയറ്റ്നാമിൽ ബോട്ടപകടം; ഇന്ത്യക്കാരടക്കം നിരവധി പേരെ കാണാതായി

മുങ്ങിയത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട്
 

വിയറ്റ്‌നാമിൽ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് മുങ്ങി ഇന്ത്യാക്കാരുൾപ്പെടെ നിരവധി പേരെ കാണാതായി. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം.

ബോട്ടിൽ 32 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ 15 പേർ മരിച്ചതായി വിയറ്റ്‌നാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സേനകളുമായി ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. 

ഫു ക്വോക്കിന് സമീപം ഹോൻ മേ ങോയിലാണ് അപകടമുണ്ടായത്. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.