സഭ ബഹിഷ്കരണം; ഇന്ത്യ സഖ്യത്തിനൊപ്പം ചേരാതെ ഡിഎംകെ
തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചുവട് മാറ്റത്തിന് പിന്നാലെ ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച ഡിഎംകെ പാർലമെന്റിൽ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യങ്ങളായിരുന്നു ഉയർന്നിരുന്നത്. നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ തങ്ങളുടെ മുന്നോട്ടുള്ള നീക്കങ്ങൾ എങ്ങനെയായിരിക്കുമെന്ന് ഡിഎംകെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്.
നടപ്പ് സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിൽ നിന്ന് വേറിട്ട വഴിയാണ് ഡി.എം.കെ. സ്വീകരിച്ചുവരുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കിടെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോൾ, അതിൽ പങ്കെടുക്കാതെ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനാണ് ഡിഎംകെ മുതിർന്നത്. ഇന്ത്യ സഖ്യത്തിൽ നിന്നുള്ള പിന്മാറ്റത്തിന് ശേഷം, പ്രധാനപ്പെട്ട നിയമനിർമ്മാണ ചർച്ചകളിൽ തനതായ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ട് തങ്ങളുടെ പ്രത്യേക അസ്തിത്വം ഉറപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഡിഎംകെയുടെ ഈ മാറ്റം ഭാവിയിൽ വരാനിരിക്കുന്ന നിർണ്ണായക ബില്ലുകളിൽ വലിയ സ്വാധീനം ചെലുത്തിയേക്കാം.
മറ്റ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ച 'ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള ഭേദഗതി ബില്ലിന്മേലുള്ള' ചർച്ചയിലും ലോക്‌സഭയിൽ ഡിഎംകെ അംഗങ്ങൾ പങ്കെടുത്തു. ചർച്ചകളിൽ പങ്കെടുത്തുവെങ്കിലും സർക്കാരിനെ ഡിഎംകെ പിന്തുണച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഡിഎംകെ എംപിമാരായ എ. രാജയും കനിമൊഴിയും ഈ ബില്ലിനെ ശക്തമായി എതിർക്കുകയും ഇത് ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് ആരോപിക്കുകയും ചെയ്തു.
അതേസമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പ്രക്ഷോഭകർക്കെതിരായ പോലീസ് അതിക്രമത്തെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഒന്നടങ്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് വിമർശിച്ചപ്പോൾ വേറിട്ട സമീപനമായിരുന്നു ഡിഎംകെടേത്. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച പാർട്ടി എംപി ദയാനിധി മാരൻ സർക്കാരിനെ വിമർശിച്ചുവെങ്കിലും അമിത് ഷായെ നേരിട്ട് ലക്ഷ്യം വയ്ക്കുന്നതിൽ നിന്ന് വിട്ടുനിന്നു.