അദാനിക്ക് ഖനനം നടത്താൻ എസ്.ബി.ഐയുടെ ധനസഹായം

വ്യവസായ ഭീമൻ അദാനി ഗ്രൂപ്പിന് ഓസ്ട്രേലിയയിൽ ഖനനം നടത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനസഹായം. നൂറു കോടിയുടെ ലോണാണ് എസ്.ബി.ഐ അദാനി ഗ്രൂപ്പിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിൽ മെൽബണിൽ നടന്ന ചർച്ചയിൽ ഗൗതം അദാനിയും എസ്.ബി.ഐ. അധികൃതരും ഒപ്പ് വച്ചു. മോഡിയുടെ സംഘത്തിലുള്ള വ്യവസായികളുടെ കൂട്ടത്തിൽ അദാനിയും ഓസ്ട്രേലിയ സന്ദർശിക്കുന്നുണ്ട്.
 


സിഡ്‌നി:
വ്യവസായ ഭീമൻ അദാനി ഗ്രൂപ്പിന് ഓസ്‌ട്രേലിയയിൽ ഖനനം നടത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനസഹായം. നൂറു കോടിയുടെ ലോണാണ് എസ്.ബി.ഐ അദാനി ഗ്രൂപ്പിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിൽ മെൽബണിൽ നടന്ന ചർച്ചയിൽ ഗൗതം അദാനിയും എസ്.ബി.ഐ. അധികൃതരും ഒപ്പ് വച്ചു. മോഡിയുടെ സംഘത്തിലുള്ള വ്യവസായികളുടെ കൂട്ടത്തിൽ അദാനിയും ഓസ്‌ട്രേലിയ സന്ദർശിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കൽക്കരിപ്പാട പദ്ധതിയായ കാർമിക്കൽകോൾ ആന്റ് റെയിൽ പ്രോജക്ടാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. 2017-ൽ നിർമ്മാണം പൂർത്തിയക്കാനുദ്ദേശിക്കുന്ന പദ്ധതി പ്രദേശത്തിന് 200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. വർഷം ആറു കോടി ടൺ കൽക്കരി ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ ഒരു വൻകിട റെയിൽവേ പാതയും നിർമ്മിക്കും. ഇവിടെ ഖനനം ചെയ്യുന്ന കൽക്കരി ഇന്ത്യയിലെ ഊർജ്ജ പദ്ധതികളിൽ ഉപയോഗിക്കാനാണ് പദ്ധതി. അതോടെ രാജ്യത്തെ വൈദ്യുതി മേഖലയുടെ പൂർണ നിയന്ത്രണം ഗ്രൂപ്പിലേക്ക് എത്തുമെന്നാണ് വിദ്ഗദർ അഭിപ്രായപ്പെടുന്നത്.

പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് കടുത്ത എതിർപ്പിനെ വകവയ്ക്കാതെയാണ് ഓസ്‌ട്രേലിയൻ സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്. 190 നിബന്ധനകളടങ്ങുന്ന കരാർ അദാനി ഗ്രൂപ്പ് ഒപ്പു വച്ചത്തോടെയാണ് സർക്കാരിന്റെ അനുമതി ലഭിച്ചത്. ഭൂഗർഭ ജലം സംരക്ഷിക്കുന്നതിനും വനവൽക്കരണത്തിനും അന്തരീക്ഷ മലിനീകരണത്തോത് പൂജ്യത്തിന് അടുത്ത് എത്തിക്കുന്നതിനുമെല്ലാമുള്ള ഉപാധികളാണ് സർക്കാർ മുന്നോട്ട് വച്ചത്.