മോന്‍സന്റെ മസാജ് സെന്ററില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി

 

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലുള്ള മസാജ് സെന്ററില്‍ ഒളിക്യാമറയെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടി ഇക്കാര്യം അറിയിച്ചത്. ഒളിക്യാമറയില്‍ രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ബ്ലാക്ക് മെയിലിംഗ് ഭയന്നാണ് മോന്‍സണെതിരെ പലരും പരാതി നല്‍കാത്തതെന്നും പെണ്‍കുട്ടി പറഞ്ഞു.

കോസ്‌മെറ്റോളജി ചികിത്സക്കെന്ന പേരില്‍ വീടിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തിരുമ്മല്‍ കേന്ദ്രത്തില്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നുവെന്നാണ് വിവരം. ഇവിടെയെത്തിയിരുന്നവര്‍ ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തത് മോന്‍സണ്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാലാകുമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇവിടെ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.

17 വയസ് മുതല്‍ തന്നെ മോന്‍സണ്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുന്‍പും മോന്‍സണ്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. ഇതിനിടെ ഡിആര്‍ഡിഒ വ്യാജരേഖാ കേസിലും മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.