ഇന്ത്യയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ; നടപടി ഇന്ത്യ ആവശ്യം ഉന്നയിച്ചതിനെ തുടർന്ന്  

 


ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥരെ പിൻവലിച്ചു. ഇവരെ  സിങ്കപ്പുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് മാറ്റി. ഇന്ത്യ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര തര്‍ക്കം രൂക്ഷമായിരുന്നു. ഒക്ടോബർ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലാണെന്നും അധികമുള്ളവരെ തിരികെ വിളിക്കണമെന്നുമായിരുന്നു ആവശ്യം. ഒക്ടോബര്‍ 10ന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍ കനേഡിയന്‍ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.