ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
മലപ്പുറം: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെയും ഏഴു വയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷരീഫിന് ഇരട്ട ജീവപര്യന്തവും പിഴയും. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. 2,75,000 രൂപയാണ് പിഴ. ശിക്ഷ വിധിക്കുന്നതിന് മുന്‍പ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച മുഹമ്മദ് ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുറിവ് സാരമല്ലാത്തതിനാല്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു.
കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരെയാണ് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഗര്‍ഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്. കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.
യുവതിയും മകനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ദൃക്സാക്ഷികളില്ലാത്ത കേസില്‍ കല്‍പ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിര്‍ണായകമായി. 2017-ജൂണിലായിരുന്നു സംഭവം നടന്നത്. ഉമ്മുസല്‍മയെ പ്രതി കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇതു കണ്ട മകന്‍ ദില്‍ഷാദിനെയും കൊലപ്പെടുത്തുകയായിരുന്നു.
കരാറുകാരനായിരുന്ന മുഹമ്മദ് ഷരീഫ് വീടുപണിക്ക് എത്തിയപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അടുപ്പത്തിലാകുകയും യുവതി ഗര്‍ഭിണിയാകുകയും ചെയ്തു. പ്രസവത്തിന് ശേഷം പ്രതിക്കൊപ്പം താമസിക്കണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചു. ഇതോടെ ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് കേസ്.
കൊലപാതകത്തിന് ശേഷം ഇയാള്‍ ഉമ്മുസല്‍മയുടെയും മകന്റെയും കൈത്തണ്ടകള്‍ മുറിച്ചിരുന്നു. പിന്നീട് ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജയിലില്‍ വെച്ച് ഇയാള്‍ മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.