ബൈക്കിടിപ്പിച്ച് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു 

 

കൊച്ചി: മൂവാറ്റുപുഴയിൽ വെച്ച് ബി കോം  വിദ്യാർഥിനിയായ നമിതയെ (20) ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഏനാനല്ലൂർ സ്വദേശി ആൻസൺ റോയിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂര്‍ സെൻട്രൽ ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്.

ജൂലായ് 26 ന് ആയിരുന്നു മൂവാറ്റുപുഴ നിർമല കോളേജിന് മുന്നിൽ വെച്ച് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് നമിത മരിച്ചത്. അപകടത്തില്‍ നമിതയ്‌ക്കൊപ്പമുണ്ടായിരുന്ന അനുശ്രീരാജ് എന്ന വിദ്യാര്‍ഥിനിക്കും പരിക്കേറ്റിരുന്നു. കോളേജില്‍നിന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനികള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആന്‍സണ്‍ റോയ് അമിതവേഗത്തില്‍ ബൈക്കിലെത്തി ഇവരെ ഇടിച്ചിടുകയായിരുന്നു. അപകടത്തിന് മുന്‍പ് ആന്‍സണ്‍ റോയ് ബൈക്കുമായി കോളേജിന് മുന്നില്‍ ചുറ്റിക്കറങ്ങിയിരുന്നു. കോളേജിന് മുന്നില്‍വെച്ച് ബൈക്ക് ഇരപ്പിച്ചതോടെ വിദ്യാര്‍ഥികള്‍ ഇത് ചോദ്യംചെയ്യുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അമിതവേഗത്തില്‍ ബൈക്കിലെത്തിയ ഇയാള്‍ വിദ്യാര്‍ഥിനികളെ ഇടിച്ചിട്ടത്.