കണ്ണൂരിനെ വെട്ടി കേന്ദ്രം; വിദേശ വിമാന കമ്പനികളുടെ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം തള്ളി

 


 
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് ആരംഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ കമ്പനികളുടെ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിമാനക്കമ്പനികളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നിലപാടെന്നാണ് വിശദീകരണം.

സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരില്‍ നിന്ന് വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ കണ്ണൂരില്‍ നിന്ന് വിദേശ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആവശ്യമായാല്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിദേശ കമ്പനികള്‍ സര്‍വീസ് നടത്തിയാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്നായിരുന്നു കേരളം വ്യക്തമാക്കിയത്. എമിറേറ്റ്‌സ്, എത്തിഹാദ് തുടങ്ങിയ കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്നും യൂറോപ്പിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റ് വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.