പെ​ഗാസസിൽ പുതിയ സത്യവാങ്മൂലമില്ലെന്ന് കേന്ദ്രം; ഇത് പൊതുമധ്യത്തില്‍ വരേണ്ട വിഷയമല്ലെന്നും സുപ്രീം കോടതിയിയെ അറിയിച്ചു
 

 

ചാര സോഫ്റ്റ് വെയര്  പെഗാസസിന്റെ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഒരു പ്രത്യേക സോഫ്റ്റ് വെയർ ഉപയോ​ഗിച്ചോ ഇല്ലയോ എന്നത് പൊതുമധ്യത്തിൽ വരേണ്ട വിഷയമല്ലെന്നും സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.  സ്വതന്ത്ര ഡൊമെയ്ൻ വിദഗ്ധരുടെ ഒരു കമ്മിറ്റിക്ക് ഇക്കാര്യം അന്വേഷിക്കാമെന്നും അത് സുപ്രീം കോടതിയിൽ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പെഗാസസ് വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന നിലപാട്  കേന്ദ്രം കോ‌തിയിൽ ആവർത്തിച്ചു.  ദേശീയ സുരക്ഷയ്ക്കായി ചില നിരീക്ഷണം വേണ്ടുവരുമെന്നും കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.രാജ്യത്തെ പൗരന്മാരാണ് അവകാശലംഘനം കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ എന്നതാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു. നിയമ ലംഘനം നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമിതിയുടെ അന്വേഷണം കോടതി നിരീക്ഷണത്തിലാക്കുന്നതിലും എതിർപ്പില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സമിതിയുടെ കാര്യം ആവർത്തിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പെഗാസസ് ആർക്കും ഉയോഗിക്കാനാകുന്ന തരത്തിൽ ലഭ്യമെന്ന് മന്ത്രി സമ്മതിച്ചിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിക്ക്  വിവരങ്ങൾ നൽകാനാകില്ലെന്ന കേന്ദ്ര നിലപാട് ഞെട്ടിക്കുന്നതാണെന്നും സിബൽ പറഞ്ഞു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കേണ്ടി വരുമെന്ന് സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

നേരത്തെ രണ്ടുതവണ സത്യവാങ്മൂലം സമർപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സർക്കാർ കോടതിയോട് സമയം ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേലി സ്ഥാപനമായ NSO യുടെ സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാർക്കും രാഷ്ട്രീയക്കാർക്കും എഴുത്തുകാർക്കുമെതിരെ സർക്കാർ ഏജൻസികൾ  നിരീക്ഷണങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകളുമായി ബന്ധപ്പെട്ടാണ് കേസ്.
പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുള്ള നിരീക്ഷണപട്ടികയിൽ 300 ൽ അധികം ഇന്ത്യൻ മൊബൈൽ ഫോൺ നമ്പറുകൾ ഉണ്ടെന്ന് ഒരു ഇന്റർനാഷണൽ മീഡിയ കൺസോർഷ്യം റിപ്പോർട്ട് ചെയ്തിരുന്നു.