കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാർ; മുഖ്യമന്ത്രി 

 

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നവകേരള സദസിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹജ്ജ് യാത്രക്കാർ ഏറ്റവും കൂടുതലുള്ളത് കരിപ്പൂർ നിന്നാണ്. അതുകൊണ്ടു തന്നെ ടെണ്ടർ നടപടികൾ പുർത്തിയാക്കി വികസന പ്രവർത്തനം എത്രയും വേഗം ആരംഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇതോടൊപ്പം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പ്രശ്നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇപ്പോൾ കണ്ണൂർ എയർപോർട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന രണ്ടു വിമാന കമ്പനികളാണ് ഉള്ളത്. എയർ ഇൻഡ്യ എക്സ് പ്രസ്, ഇൻഡിഗോ എന്നിവയാണവ. എയർ ഇൻഡ്യ, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികൾ സർവ്വീസ് നിർത്തി. ഇതു കാരണം കണ്ണൂർ എയർപോർട്ടിൽ ടിക്കറ്റ് നിരക്കിലും വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്.

പാർലമെൻററി കമ്മിറ്റി എയർപോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ പരിശോധിച്ച് പോയിൻറ് ഓഫ് കോൾ പദവി നൽകേണ്ടതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ പ്രശ്നത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ കേരളത്തിൽ നിന്നുള്ള എം.പിമാരോടഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും പ്രധാന വക്താക്കളായ അമേരിക്കൻ ഐക്യനാടുകളിൽ വളരെ ചുരുക്കം വിമാനത്താവളങ്ങൾ ഒഴികെയെല്ലാം പൊതുഉടമസ്ഥതയിലാണെന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും ഇവിടെ വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വകാര്യകമ്പനികളെ ഏൽപ്പിക്കാനും അവർക്ക് ഇഷ്ടമുള്ള പോലെ നിരക്കുകൾ നിശ്ചയിക്കാനും ഉള്ള സൗകര്യമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്. ഈ നയത്തിൻറെ ഭാഗമായാണ് കണ്ണൂർ വിമാനത്താവളത്തിൻറെ വികസനത്തിന് തടയിടുന്നത്.

കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ അവയുടെ പൂർണ്ണ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകത്തക്ക നിലയിൽ വികസിപ്പിക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.