കേന്ദ്രം വയനാട് ദുരന്തത്തിൽ രാഷ്ട്രീയം കളിക്കുന്നു, പ്രതിഷേധം ശക്തമാക്കുമെന്ന് എംവി ഗോവിന്ദൻ 

 

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരുമെന്ന് എംവി ഗോവിന്ദൻ. കേരളത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. കേരളത്തിന് അകത്തും പുറത്തുമുളള ആളുകൾ സഹായ വാഗ്ധാനങ്ങൾ ചെയ്തിട്ടുണ്ട്. ലോക മാതൃകയിൽ പുനരധിവാസം ചെയ്യും. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണ്. വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയിൽ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണം. അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് കേരളത്തിന് സഹായം നൽകാത്തത്. ബിജെപിയെ സഹായിക്കാനുള്ള സമീപനമാണ് യുഡിഎഫിന്റെതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ലീഗിന്റെയും കോൺഗ്രസിന്റെയും ഭാഷ കേരളത്തിനെതിരെയാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.  

പാലക്കാട് യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്താണ്. കോൺഗ്രസും ബിജെപിയുമാണ് പാലക്കാട്ട് കള്ളവോട്ട് ചേർത്തത്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കള്ളവോട്ട് ചേർത്ത് ശീലമുള്ളവരാണ്. പെട്ടിയും പ്രമാണവും കള്ളവോട്ടും എല്ലാം ഇതിന്റെ ഭാഗമാണ്. സരിന് എതിരെ ഉയര്‍ന്ന ആരോപണത്തിൽ ഇന്നലെയെല്ലാം വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നിലപാട് സ്വീകരിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരട്ട വോട്ട് മാറ്റണം. രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാൻ കോൺഗ്രസും ബിജെപിയും തമ്മിൽ ഡീൽ ഉണ്ട്. അതിന്റെ ഭാഗമായി വി. ഡി സതീശൻ ബിജെപിക്ക് എതിരെ ഒന്നും മിണ്ടില്ല. വ്യാജ വോട്ടുകൾ ബൂത്തിന് മുന്നിൽ എഴുതി വെക്കും. സമൂഹ മാധ്യമങ്ങളിൽ വ്യാജ വോട്ടുകൾ പ്രചരിപ്പിക്കും. പ്രചരണം നടക്കുമ്പോൾ നാണം ഉള്ളവർ വോട്ട് ചെയ്യാൻ വരുമോ എന്നും ഗോവിന്ദൻ ചോദിച്ചു.