ചാമ്പ്യൻസ് ലീഗ്: പിഎസ്ജിയും റയലും ലിവർപൂളും അത്ലറ്റിക്കോയും ജയിച്ചു, സിറ്റിക്ക് തോൽവി

ജയിച്ചിട്ടും പുറത്തായി ഡോർട്ട്മുണ്ട്; ബാഴ്സക്ക് ഇന്ന് നിർണ്ണായക മത്സരം  

 

ചാമ്പ്യൻസ് ലീഗ് ആറാം റൗണ്ടിൽ പിഎസ്ജി, റയൽ മാഡ്രിഡ്, ലിവർപൂൾ, അത്ലറ്റിക്കോ മാഡ്രിഡ്, അയാക്സ്, ഡോർട്ട്മുണ്ട് ടീമുകൾക്ക് വിജയം. മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ആർബി ലെപ്സിഗും വിജയിച്ചു. എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചെങ്കിലും ഡോർട്ട്മുണ്ടിന് പ്രീക്വാർട്ടറിലേക്ക് മുന്നേറാനായില്ല.

ഗ്രൂപ്പ് എയിലെ മത്സരങ്ങളിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി ക്ലബ്ബ് ബ്രൂഗിനെ തോൽപ്പിച്ചത്. മെസിയും എംബാപ്പെയും രണ്ട് ഗോൾ  വീതം നേടി. 757 ഗോളെന്ന പെലെയുടേ നേട്ടം ഈ മത്സരത്തിൽ മെസി മറികടന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയിൽ മാഞ്ചസ്റ്റർ സിറ്റിയെ റെഡ്ബുൾ ലെപ്സിഗ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഡൊമിനിക്ക് സൊബാസ്ലാസി, ആന്ദ്രേ സിൽവ എന്നിവർ ലെപ്സിഗിന്റെ ഗോളടിച്ചപ്പോൾ റിയാദ് മെഹരസാണ് സിറ്റിയുടെ ഗോളടിച്ചത്. ഗ്രൂപ്പിൽ ഒന്നാമതായി നേരത്തെ എത്തിയ സിറ്റിയും പിഎസ്ജിയും പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു.

ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ ലിവർപൂളും അത്ലറ്റിക്കോ മാഡ്രിഡും വിജയിച്ചു. ലിവർപൂൾ മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യം ഫിക്കായോ  ടൊമാറിയിലൂടെ മിലാൻ ലീഡ് എടുത്തെങ്കിലും സല, ഒറിഗി എന്നിവരിലൂടെ ലിവർപൂൾ ജയം സ്വന്തമാക്കി. അത്ലറ്റിക്കോ മാഡ്രിഡ് എഫ്സി പോർട്ടോയെയാണ് തോൽപ്പിച്ചത്. പോർട്ടോ പൊസഷൻ ഗെയിം കളിച്ചെങ്കിലും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽക്കുകയായിരുന്നു. ഗ്രിസ്മാൻ, കൊറേയ, റേഡ്രിഗോ ഡീ പോൾ എന്നിവർ സ്കോർ ചെയ്തു. സെർജിയോ ഒലിവേരിയ ആണ് പോർട്ടോയുടെ ഗോളടിച്ചത്.

എല്ലാ കളിയും ജയിച്ച ലിവർപൂൾ 18  പോയിന്റോടെ പ്രീക്വാർട്ടറിലേക്ക് എത്തിയപ്പോൾ   ഏഴ് പോയിന്റുമായി  അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാമനായി നോക്കൗട്ടിലേക്ക് എത്തി. 

ഗ്രൂപ്പ് സിയിൽ അയാക്സാണ് ഒന്നാമൻമാർ. ആറിൽ ആറും അയാക്സും ജയിച്ചു. സ്പോർട്ടിംഗ് സിപിയെ രണ്ടിനെതിരെ നാല് ഗോളിന് തകർത്താണ് അയാക്സ് ആറാം ജയം പൂർത്തിയാക്കിയത്. ബെസിക്റ്റസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത് ബൊറൂസിയ ഡോർട്ട്മുണ്ട് വിജയിച്ചെങ്കിലും ഗോൾ ശരാശരിയിൽ സ്പോട്ടിംഗിന് പിന്നിലായി. രണ്ടു ടീമിനും 9 പോയിന്റ് വീതമാണ് ലഭിച്ചത്. 

ഗ്രൂപ്പ് ഡിയിൽ നിന്നും റയലും ഇന്റർ മിലാനും പ്രീക്വാർട്ടറിലേക്ക് എത്തി. അവസാന മത്സരത്തിൽ റയലുമായി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർ തോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാമനായി നോക്കൗട്ടിലേക്ക് എത്തി. ടോണി ക്രൂസ്, മാർക്കോ അസേൻസിയോ എന്നിവർ റയലിനായി ഗോളടിച്ചു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഷാക്തറും ഷെറീഫ് ടിറാസ്പോളും സമനിലയിൽ പിരിഞ്ഞു. 

ഇന്നത്തെ കളികളിൽ ബാഴ്സലോണ, ബയേൺ മ്യൂണിക്ക് മത്സരം സ്പാനിഷ് ടീമിന് ഏറെ നിർണ്ണായകമാണ്. ഇതിൽ തോറ്റാൽ ബാഴ്സയുടെ സാധ്യത ബെനിഫിക്ക- ഡൈനാമോ കീവ് മത്സരത്തെ ആശ്രയിച്ചിരിക്കും. ബെനിഫിക്ക ജയിച്ചാൽ ബാഴ്സ പുറത്താവും. സമനിലയാണ് ബാഴ്സ നേടുന്നത് എങ്കിലും ഇതു തന്നെയാണ് സ്ഥിതി. അതിനാൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ സാവിയുടെ ടീമിന് ഇന്ന് ജയിച്ചേ മതിയാകൂ.