ചേരാനല്ലൂർ അപകടം: നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചേരാനല്ലൂർ എസ്എച്ച്ഒ വിശ്വജിത്, സിഐ രാംകുമാർ, ഗ്രേഡ് എസ്ഐ മനോജ്, ഗ്രേഡ് എഎസ്ഐ അരുൺ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ പൊലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാൻ എഡിജിപി പി.വിജയൻ ചേരാനല്ലൂർ സ്റ്റേഷനിൽ നേരിട്ടെത്തിയിരുന്നു.
എഡിജിപി റിപ്പോർട്ട് ഡിജിപിക്ക് മെയിൽ ചെയ്തതിനു പിന്നാലെയാണ് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. ആദ്യഘട്ടത്തിൽ തെളിവ് ശേഖരിക്കുന്നതിലുണ്ടായ വീഴ്ച, എഫ്ഐആർ ഇടുന്നതിലുണ്ടായ കാലതാമസം, നാട്ടുകാർ അപകടസ്ഥലത്തെ ദൃശ്യങ്ങൾ പകർത്തിയ ഫോണുകളിൽ നിന്നും അവ ഡിലീറ്റ് ചെയ്ത സംഭവം എന്നീ വീഴ്ചകൾ പൊലീസിനു സംഭവിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വീഴ്ച സംഭവിച്ച പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ന് നിയമസഭയിൽ ആഭ്യന്തര മന്ത്രി ഉറപ്പുനൽകിയിരുന്നു.