മുഖ്യമന്ത്രി 'രാജാവ്', പ്രതിപക്ഷനേതാവ് സര്‍ക്കാരിന്റെ അടുത്തയാള്‍; ഇരുപക്ഷത്തോടും ഏറ്റുമുട്ടാനുറച്ച് ഗവര്‍ണര്‍

 

മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും എതിരെ പരാമര്‍ശങ്ങളുമായി ഗവര്‍ണര്‍. മുഖ്യമന്ത്രിയെ രാജാവ് എന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ അടുത്തയാളാണെന്നും പറഞ്ഞു. പ്രതിപക്ഷനേതാവ് പറയുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. വി.ഡി.സതീശന്‍ രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്തുവെന്നായിരുന്നു പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണം. നിയമവിരുദ്ധമായാണ് വിസി നിയമനം നടന്നത്. നിയമവിരുദ്ധ നടപടിക്ക് ഗവര്‍ണറും കൂട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് അത് തെറ്റിപ്പോയെന്ന് സമ്മതിച്ചു. ആ സാഹചര്യത്തില്‍ ചാന്‍സലര്‍ പദവി ഉപയോഗിച്ച് വിസിയുടെ രാജി ആവശ്യപ്പെടുകയോ നിയമനം റദ്ദാക്കുകയോ ആയിരുന്നു ഗവര്‍ണര്‍ ചെയ്യേണ്ടത്.

ഇതൊന്നും ചെയ്യാതെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിനാലാണ് ചാന്‍സലര്‍ പദവി വേണ്ടെന്ന് ഗവര്‍ണര്‍ പറയുന്നതെന്നും സതീശന്‍ ആരോപിച്ചു.