മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയവും; എൽഡിഎഫ് പരാജയത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

 

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഎമ്മിനെയും സർക്കാരിനേയും ശക്തമായി വിമർശിച്ച് സമസ്ത മുഖപത്രം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം മുതൽ എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം വരെ നീളുന്ന എണ്ണിയെണ്ണി പറയാവുന്ന ഒരുപാട് ഘടകങ്ങളുടെ അനന്തരഫലമാണ് തിരഞ്ഞെടുപ്പിലെ വിധിയെന്നും സർക്കാരിലും പാർട്ടിയിലും ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.

തുടർഭരണം പ്രാദേശിക നേതാക്കളെ പോലും സാധാരണക്കാരിൽ നിന്നും അകറ്റി. തുടർച്ചയായി സർക്കാരും സിപിഎമ്മും എടുക്കുന്ന ജനവിരുദ്ധ നിലപാടുകളും നയങ്ങളും അതിരൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അസഹിഷ്ണുതയുടെ വക്താക്കളായി ഒരു മറയുമില്ലാതെ സിപിഎം നേതാക്കൾ മാധ്യമങ്ങൾക്കു മുൻപിൽ പോലും നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികർത്താക്കളിട്ട മാർക്കാണ് ഈ ഒറ്റസംഖ്യ.

പൊതുജനാരോഗ്യം, പൊതുവിതരണ മേഖല, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. പോലീസ് രാജിൽ പൗരാവകാശം ചവിട്ടിയരക്കപ്പെട്ടു. യുഡിഎഫിന് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ് ഈ ജനവിധി. മുസ്ലിംലീഗിന്റെ വിജയം എടുത്തു പറയേണ്ടതാണെന്നും സമസ്ത മുഖപത്രത്തിൽ പറയുന്നു.

പോരായ്മകൾ കണ്ടെത്തി പരിഹരിച്ചു മുന്നോട്ടു പോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയെ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. 2019ൽ സമാന തിരിച്ചടിയുണ്ടായപ്പോൾ ‘എന്റെ ശൈലി, എന്റെ ശൈലിയാണ്. അതിന് മാറ്റമുണ്ടാകില്ല’എന്ന് പറഞ്ഞ പിണറായി, തിരുത്താനുണ്ടെങ്കിൽ തിരുത്തുമെന്ന് പറയുന്നത് പരാജയത്തിന്റെ മുറിവാഴത്തിൽനിന്ന് മാത്രമല്ല, കേരളരാഷ്ട്രീയത്തിലെ ദിശമാറ്റത്തിന്റെ ആശങ്കയുടെ തിരിച്ചറിവിൽനിന്നു കൂടിയാണെന്നും സുപ്രഭാതം മുഖപ്രസം​ഗത്തിൽ പറയുന്നു.

സംഘ്പരിവാർ ശക്തികളെ എക്കാലവും അകറ്റിനിർത്താനുള്ള ആർജവം മതേതര കേരളം പുലർത്തിപ്പോന്നിരുന്നു. ഇക്കുറി തൃശൂരിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ജയം ഇതിന്റെ തിരുത്താണെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാൽ സ്ഥാനാർഥിയുടെ താരപരിവേഷത്തിൽ സ്ത്രീ വോട്ടുകൾ ലഭിക്കാനിടയായതാണ് വിജയത്തിന് പിന്നിലെന്ന നിരീക്ഷണവുമുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ വിജയമായി തൃശൂരിലെ ജയത്തെ വിലയിരുത്താനാവില്ലെങ്കിലും 11 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടുവിഹിതത്തിൽ മുമ്പിലെത്തിയതിനെ ഗൗരവം കുറച്ച് കാണാതിരിക്കാനുമാവില്ല. തൃശൂരിലെ ബി.ജെ.പി വിജയത്തിൽ ആരോപണങ്ങളുമായി എൽ.ഡി.എഫും യു.ഡി.എഫും രംഗത്തുവന്നിട്ടുണ്ട്; നിജസ്ഥിതി പുറത്തുവരേണ്ടതു തന്നെയാണെന്നും സമസ്ത മുഖപത്രം ചൂണ്ടികാണിക്കുന്നു.