സിനിമയല്ല ജീവിതം, വിനായകൻ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഉമാ തോമസ് 

 


സിനിമയിലേതുപോലെ അല്ല  ജീവിതത്തിൽ പെരുമാറേണ്ടത് എന്നും വിനായകൻ തെറ്റോ ശരിയോ എന്ന് പൊലീസുകാരുടെ അധിപനായ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെയെന്നും തൃക്കാക്കര എംഎൽഎ ഉമ തോമസ്. 

സ്റ്റേഷനിൽ വന്ന് ബഹളം വെക്കുന്നവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടിപോകാമെന്നുള്ളത് ശരിയല്ല. പൊലീസ് വാഹനത്തിൽ പോയ ഉദ്യോഗസ്ഥരോട് പൊലിസുകാർ ആണോ എന്ന് തിരക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഒരു സെലിബ്രിറ്റി അല്ലെ ഒരുപാട് പേർ അദ്ദേഹത്തെ വീക്ഷിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ വിനായകനെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ  അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് ചോദിച്ച്  ഉമ തോമസ് രംഗത്ത് എത്തിയിരുന്നു. അത് എന്തു തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതു കൂടിയാണെന്നും അവർ കൂട്ടിച്ചേർത്തു. 

പൊലീസ് സ്റ്റേഷനിൽ വിനായകൻ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നും ഉമ തോമസ് വിമര്‍ശിച്ചു.