ബാംഗ്ലൂരിൽ സിജെപിയുടെ റാലി
കർണാടകയിൽ വോട്ടർപട്ടികയിൽനിന്ന് അന്യായമായി പേരുകൾ വെട്ടിമാറ്റപ്പെട്ടവർക്ക് നീതി ആവശ്യപ്പെട്ട് ബംഗളൂരു ഫ്രീഡം പാർക്കിൽ കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച ജനകീയ ട്രിബ്യൂണൽ (പീപ്പിൾസ് ട്രിബ്യൂണൽ) ആരംഭിച്ചു. സിജെപി നേതാക്കൾക്കൊപ്പം ധ്രുവ് റാഠിയും പ്രകാശ് രാജും പ്രതിഷേധ സ്ഥലത്തെത്തിയതോടെ പരിപാടിക്ക് തുടക്കമായി. എസ്.ഐ.ആറിൽ പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ വിഡിയോ സാക്ഷ്യങ്ങൾ പ്രദർശിപ്പിച്ചാണ് പ്രതിഷേധം തുടങ്ങിയത്.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് തെറ്റായി പേരുകൾ നീക്കം ചെയ്തതിൽ ആശങ്ക ഉന്നയിക്കുന്ന ജനകീയ ട്രൈബ്യൂണലിനും പരിപാടി സാക്ഷ്യം വഹിക്കും. ഇതിന് ശേഷം 'ചെരുപ്പ് പ്രതിഷേധവും' നടക്കും. ഒക്ടോബർ മൂന്നിന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി ആരോപിച്ച മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ‘ചെരുപ്പ് പ്രതിഷേധം’ സംഘടിപ്പിക്കുന്നത്.
തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ 'വനിതാ ഐക്യദാർഢ്യ മാർച്ച്' പ്രഖ്യാപിച്ച് സിജെപി.ആളുകളോട് സ്വന്തം ചെരുപ്പുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിന് ശേഷം ഈ ചെരുപ്പുകൾ ആവശ്യക്കാർക്ക് ദാനം ചെയ്യുമെന്നും പോസ്റ്റിൽ വ്യക്തമാക്കി.
‘എന്തിനാണ് വോട്ട് മോഷണം നടക്കുന്നത്. 2024ൽ ബിജെപിയും പ്രതിപക്ഷവും തമ്മിൽ 2 ശതമാനം വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇപ്പോൾ അവർ രാജ്യത്തുടനീളം 30 കോടി വോട്ടുകൾ ഡിലീറ്റ് ചെയ്യുകയാണ്. നരേന്ദ്ര മോദിക്ക് അധികാരമുണ്ടാകാം, പക്ഷേ തെരുവുകൾ ഞങ്ങൾക്കുണ്ട്. ഞങ്ങൾ ഇവിടെ നിന്ന് ഞങ്ങളുടെ അധികാരം തിരിച്ചുപിടിക്കും. പ്രതിഷേധ വേദിയിൽ സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു.
ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടർച്ചയായ മൂന്നാംദിനത്തിലേക്ക് കടന്നു. ആദ്യദിനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കും രണ്ടാംദിനം ജന്തർ മന്തറിലേക്കും മാർച്ച് നടത്തിയ എംപിമാർ മൂന്നാംദിനം രാജ്ഘട്ടിലേക്ക് പോകുകയാണ്.
ബുധനാഴ്ചയിലെ നീക്കങ്ങൾക്ക് സമാനമായി കൊണാട്ട് പ്ലേസിലെ ഒരു റെസ്റ്റോറന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാർക്ക് ഉച്ചഭക്ഷണമൊരുക്കി. ഉച്ചഭക്ഷണത്തിനിടെ നടത്തിയ കൂടിയാലോചനകൾക്കുശേഷം എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു. എംപിമാർക്ക് പോകുന്നതിനായി ബസുകൾ തയ്യാറാക്കിയിരുന്നു. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും എംപിമാരെ അനുഗമിക്കുന്നുണ്ട്.