മോന്‍സന്റെ ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി; യഥാര്‍ത്ഥമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല

 
മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിന് മറുപടിയായി നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

പോലീസിന്റെ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ല. പുരാവസ്തുക്കള്‍ക്ക് സംരക്ഷണം നല്‍കിയത് അന്വേഷിക്കുമെന്നും തെറ്റ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനെന്ന് വ്യക്തമല്ല. എന്നാല്‍ ഈ സന്ദര്‍ശനത്തിന് ശേഷമുണ്ടായ സംശയത്തെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസില്‍ അന്വേഷണം നടക്കുകയാണ്. ഇതില്‍ ആക്ഷേപകമായ ഒരുകാര്യവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കേസന്വേഷണം നടക്കട്ട, ആദ്യമേ ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ നില്‍ക്കണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.