പരുക്കേറ്റിട്ടും കോക്പിറ്റ് തുറന്നു; സ്മിത്ത് മച്ഛാർ റിയൽ ഹീറോ

പ്രധാനമന്ത്രി നരേന്ദ്ര മോദി മച്ഛാറിനെ അഭിനന്ദിച്ചു
 

കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനിന്ന് യാത്രക്കാരുടെ ജീവൻകാത്ത ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന് അഭിനന്ദന പ്രവാഹം. ക്യാപ്റ്റൻ മച്ഛാറിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞു. സൗദി തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മച്ഛാറിന്റെ ആരോഗ്യനില തൃപ്തികരമാണ്. മുംബൈ സ്വദേശിയായ മച്ഛാർ 2022ലാണ് ഫ്ലൈദുബായിൽ ചേർന്നത്. 11 വർഷം സ്പൈസ് ജെറ്റിലുണ്ടായിരുന്നു.

‘ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു ഹീറോയാണ്. അപകടകരമായ സാഹചര്യത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകൾ രക്ഷിച്ചു. വലിയൊരു ദുരന്തം ഒഴിവാക്കി. ക്യാപ്റ്റൻ മച്ചാറിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ’– പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

ഇന്നലെ രാവിലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് കോക്പിറ്റിൽ പൈലറ്റ് കത്തിയാക്രമണം നടത്തിയത്. ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിനെ ഒമാനി സഹപൈലറ്റ് കുത്തിയതോടെ വിമാനത്തിന്റെ നിയന്ത്രണംവിട്ടു. ജോർദാൻ വ്യോമപരിധിയിലായിരുന്നു സംഭവം. ചോരവാർന്നുകൊണ്ടിരിക്കുമ്പോഴും മച്ഛാർ കോക്പിറ്റ് തുറന്നുപിടിച്ചു. വിമാനത്തിൽ യാത്രക്കാരായുണ്ടായിരുന്ന മറ്റു 2 പൈലറ്റുമാർക്കു കോക്പിറ്റിൽ കടന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ഇതു സഹായകരമായി. 

ഒന്നര മണിക്കൂറോളം ആകാശത്തു വട്ടമിട്ടു പറന്ന വിമാനം ഒടുവിൽ സൗദി തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഇന്നലെ രാത്രി വൈകി ടെൽ അവീവിലെത്തിച്ചു. വിമാനം റാഞ്ചാനുള്ള ഭീകരാക്രമണശ്രമമായിരുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചു.