ഡൽഹിയിൽ കോക്രോച്ചുകളുടെ പ്രതിഷേധം; പോലീസ് സ്റ്റേഷൻ ഉപരോധം

തലയോട്ടി അടിച്ചുതകർത്ത ​ഗുണ്ടകൾക്കെതിരെ നടപടി വേണം
 

രാജ്യതലസ്ഥാനത്ത് വീണ്ടും സിജെപി പ്രതിഷേധം. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ പ്രവർത്തകർ ഉപരോധിച്ചു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകനായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഉപരോധം. അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നത്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കുറ്റവാളി കുറ്റം പരസ്യമായി സമ്മതിക്കുന്ന സാഹചര്യത്തിലും ബിജെപിയുടെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നിഷുവിനും പിതാവിനുമൊപ്പം സിജെപി ഉറച്ചുനിൽക്കുമെന്നും അശുതോഷ് രങ്ക വ്യക്തമാക്കി. എന്തുകൊണ്ടാണ് ഈ കുറ്റവാളികൾ ഡൽഹിയിൽ പരസ്യമായി വിലസുന്നതെന്ന് സൗരവ് ദാസ് ചോദിച്ചു. സി.ജെ.പി. പ്രതിഷേധത്തിനിടെ ആളുകളെ ആക്രമിച്ചത് തങ്ങളാണെന്ന് കുറ്റവാളികൾ പരസ്യമായി അവകാശപ്പെടുന്നുണ്ട്. പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ ഡൽഹി പോലീസ് മറുപടി പറയണം. ഞങ്ങൾ നിശബ്ദരായിരിക്കില്ല. തുടർന്നും സമ്മർദ്ദം ചെലുത്തും. പോലീസിന്റെ ഇന്നത്തെ നിലപാട് കൂടി കണക്കിലെടുത്ത് അടുത്തതായി എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും സൗരവ് വ്യക്തമാക്കി.